ചെറുതോണി: ഹോട്ടൽ മാലിന്യവും കക്കൂസ് മാലിന്യവും പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. തടിയമ്പാട് പ്രവർത്തിക്കുന്ന ജോ ആൻഡ് ജോ ഹോട്ടലിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ദുർഗന്ധവും ഈച്ചശല്യവും വർധിച്ചതോടെ തടിയമ്പാട് പൊതുമാർക്കറ്റ് പരിസരത്തെ കുടുംബങ്ങൾ ദുരിതത്തിലായിരിക്കയാണ്.
നിരവധി തവണ പരാതി നൽകിയിട്ടും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹോട്ടലിന്റെ പിന്നിലുള്ള ചെറിയ ഓടവഴി കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ തുറന്നുവിടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഹോട്ടൽ ഉടമ ടാങ്കറിൽ വെള്ളം എത്തിച്ച് സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ദുര്‍ഗന്ധം പൂർണമായി മാറിയില്ല. തുടർന്ന് കുമ്മായം വിതറി ശുചീകരിക്കാൻ ശ്രമിച്ചെങ്കിലും മാലിന്യം പ്രദേശത്ത് കെട്ടിക്കിടക്കുകയാണ്.
ജില്ലാ ആസ്ഥാന മേഖലയിലുൾപ്പെടെയുള്ള പല ഹോട്ടലുകളും കൃത്യമായ മാലിന്യസംസ്കരണ സംവിധാനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിൽ രാത്രികാലങ്ങളിലും മറ്റും തുറന്നുവിടുന്ന മാലിന്യങ്ങൾ പെരിയാറിലേക്കാണ്എത്തിച്ചേരുന്നത്. ചെറുതോണി മുതൽ ആലുവവരെ പതിനായിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും ആശ്രയിക്കുന്ന പെരിയാർ മലിനമാകുന്നതിന് പ്രധാന കാരണം ഇത്തരത്തിൽ ഹോട്ടലുകളുടെ മാലിന്യ സംസ്കരണത്തിലെ ഗുരുതര വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അറിയിച്ചു.